പ്രിയപെട്ട ലാലേട്ടന് ആരാധകരുടെ തുറന്ന കത്ത്

പ്രിയപെട്ട ലാലേട്ടന്,
ഞങ്ങള്‍ ലാലേട്ടന്റെ കടുത്ത ആരാധകരാണ്. താങ്കളുടെ പടങ്ങള്‍ ഒന്നും വിടാതെ കാണുന്നവരാണ്. ‘മഞ്ഞില്‍ വിരിഞ്ഞപൂക്കളില്‍’ തുടങ്ങിയ ആ നടനവിസ്മയത്തിന്റെ വിജയഘോഷയാത്ര സാകൂതം വീക്ഷിക്കുന്നവരാണ് ഞങ്ങള്‍ . 2000 ന്റെ തുടക്കത്തിലാണ് താങ്കള്‍ തട്ടുപൊളിപ്പന്‍ സിനിമകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ദേവദൂതന്‍ പോലുള്ള സിനിമകള്‍ ബോക്‌സോഫീസില്‍ പരാജയപെടുന്നതും നരസിംഹം പോലുള്ള സിനിമകള്‍ വിജയിക്കുന്നതും വിഷമത്തോടെയാണ് ഞങ്ങള്‍ നോക്കി നിന്നത്. പിന്നീട് താങ്കള്‍ ടൈപ്പ് കഥാപത്രങ്ങളിലേക്ക് മാറി. നവരസങ്ങള്‍ അഭിനയിക്കാന്‍ കഴിവുള്ള നടന്റെ രൗദ്രഭാവം മാത്രം സ്‌ക്രീനില്‍ നിറഞ്ഞുനിന്നു. തല്ലിപൊളി സിനിമകളുടെ ഉദാഹരണമായി ലോകാവസാനംവരെ എടുത്ത് കാണിക്കാന്‍ കഴിയുന്ന ഒന്നാമന്‍ , താണ്ഡവം തുടങ്ങിയ സിനിമകള്‍ അങ്ങനെയാണുണ്ടാവുന്നത്. തുടരെ തുടരെയുള്ള പരാജയങ്ങളെ തുടര്‍ന്ന് താങ്കള്‍ പരസ്യചിത്രങ്ങളിലേക്ക് ചുവടുമാറ്റി. ഈ ചുവടുമാറ്റം ഞങ്ങള്‍ ആരാധകരുടെ ജീവിതത്തില്‍ വലിയമാറ്റമാണുണ്ടക്കിയത്. അതിനെകുറിച്ചാണ് ഞങ്ങള്‍ ഇവിടെ തുറന്നെഴുതുന്നത്.

ഞങ്ങള്‍ ബാംഗ്ലുരില്‍ ജോലിചെയ്യുന്ന ബാച്‌ലേഴ്‌സ് ആണ്. ജോലികഴിഞ്ഞ് വൈകീട്ട് റൂമില്‍ വന്ന് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിനാല്‍ ചൊറിയും കുത്തിയിരിക്കുകയാണ് പതിവ്. ആയിടയ്ക്കാണ് താങ്കളുടെ ”വൈകീട്ടെന്താ പരിപാടി’ എന്നപരസ്യവാചകം വരുന്നത്. പുതിയ സിനിമയിലെ പഞ്ച് ഡയലോഗാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് അത് ‘Original Choice’എന്ന മദ്യത്തിന്റെ പരസ്യമാണെന്നു മനസിലായത്. ”നിങ്ങളില്ലാതെ എനിയ്‌ക്കെന്താഘോഷം’. ഞങ്ങളില്ലാതെ താങ്കള്‍ക്ക് ഒരാഘോഷവുമില്ലല്ലൊ. വൈകീട്ടു റൂമില്‍ ചുമ്മാ ഈച്ചയാട്ടിയിരുന്ന ഞങ്ങള്‍ അങ്ങനെ താങ്കളുടെ കൂടെ ”വൈകീട്ടുള്ള പരിപാടികളില്‍’ അംഗമായി. ഇപ്പോള്‍ ഞങ്ങളുടെ മാസവരുമാനത്തില്‍ നിന്നും നല്ലൊരുതുക താങ്കള്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്ന ”Original Choice’ ന്റെ മുതലാളിക്ക് (താങ്കള്‍ക്ക് ഷെയര്‍ ഉണ്ടോ?) എത്തിച്ച് കൊടുക്കുന്ന കാര്യം നിര്‍വികാരതയോടെ നിസംഗതയോടെ അറിയിച്ചുകൊള്ളട്ടെ.
താങ്കള്‍ ” Mohan Lal’s Taste Busds’എന്ന പേരില്‍ പപ്പടം, പൊറോട്ട, കുടംപുളി തുടങ്ങിയ സാധനങ്ങളുടെ പരസ്യത്തില്‍ തകര്‍ത്തഭിനയിക്കുന്ന സമയം. ”’ Mohan Lal’s Taste Bu-sds’ ന്റെ ഭാഗമായി ബാംഗ്ലൂരില്‍ ” The Harbour Mar-kte’ എന്ന ഹോട്ടല്‍ തുടങ്ങി. ലാലേട്ടന്‍ തുടങ്ങിയ ഹോട്ടലാണ് നമ്മള്‍ ആരാധകര്‍ അത് പ്രോത്സാഹിപ്പിക്കണം എന്നു കരുതി ഞങ്ങള്‍ ഒരു ദിവസം ഹോട്ടലില്‍ പോയി. സ്വാദിഷ്ടമായ ആറേഴ് കേരള വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയതു. ഭക്ഷണം ‘Not good not bad’. വിഭവങ്ങള്‍ എല്ലം കഴിച്ച് അവസാനം നിക്ടഷ്ടമായ ആ സാധനം(ബില്ല്) വന്നപ്പോള്‍ ഞങ്ങള്‍ പതറിപ്പോയി. 2738 രൂപ. (ബില്ലിന്റെ കോപ്പി ഈ കത്തിനോടൊപ്പം ചേര്‍ക്കുന്നു). ഭാഗ്യത്തിന് ഞങ്ങളില്‍ ഒരാരാധകന്റെ കയ്യില്‍ ‘ Credit Card’ എന്ന സാധനം ഉണ്ടായിരുന്നതുകൊണ്ട് അടുക്കളയില്‍ പോകേണ്ടിവന്നില്ല. (ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കറിയില്ലല്ലോ ഞങ്ങള്‍ ലാലേട്ടന്റെ ആരാധകരാണെന്ന്). ജീവിതത്തില്‍ ഇത്രയുംകാലം കഴിച്ച പഴംപൊരിയുടെ മൊത്തം തുക 250 രൂപ വരില്ല.
പക്ഷെ ഈ അവസരങ്ങളിലൊന്നും ലാലേട്ടനെ തള്ളിപറയാന്‍ ഞങ്ങള്‍ തയ്യാറായില്ല. ഞങ്ങള്‍ പാവപെട്ട ആരാധകര്‍ കുത്തുപാളയെടുത്താലും തരക്കേടില്ല ലാലേട്ടന്‍ പരസ്യത്തിലൂടെ പണം സമ്പദിച്ചാല്‍ മതി. എന്നിട്ട് ചെന്നൈയിലും ഡെല്‍ഹിയിലും ഓരോ ‘The Harbour Marktet’ തുടങ്ങണം. അവിടെയുള്ള ആരാധകര്‍ക്കും കിടക്കട്ടെ ഒരു പണി
രണ്ട് പട്ടാളസിനിമകളില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് താങ്കള്‍ക്ക് ടെറിട്ടൊറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിക്കുകയുണ്ടയി. വളരെ സന്തോഷമുള്ള കാര്യം കാരണം താങ്കളെപോലെ charsimatic ആയ ഒരുവ്യക്തിയ്ക്ക് യുവജനങ്ങളെ മിലിട്ടറിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. പക്ഷെ അവിടെയും താങ്കള്‍ ഞങ്ങളുടെ പ്രതീക്ഷ തകര്‍ത്തു. ആ മിലിട്ടറി യൂണിഫോമിട്ട് താങ്കള്‍ നേരെ പൊയത് ‘Malabar Gold’ന്റെ പരസ്യത്തിലേക്കാണ്. രാജ്യം താങ്കള്‍ക്ക് സമ്മാനിച്ച ലഫ്റ്റനന്റ് കേണല്‍ പദവി ജ്വല്ലറി പരസ്യത്തില്‍ ഉപയോഗിച്ച് താങ്കള്‍ ദുരുപയോഗം ചെയതു. താങ്കളുടെ പരസ്യംകണ്ട് ഏതെങ്കിലും പട്ടാളക്കാരന്റെ ഭാര്യയ്ക്ക് മതിഭ്രമ (Hallucination) വരുകയാണെങ്കില്‍ അടുത്തതവണ ലീവിന് നാട്ടില്‍ വരുമ്പോള്‍ 5 പവന്റെ നെക്ലേസുമായി വന്നാല്‍ മതിയെന്നു മൊഴിയും. തോക്കിനുമുന്‍പില്‍ തോല്‍ക്കാത്ത പട്ടാളക്കാരന്‍ താങ്കളുടെ മുന്‍പില്‍ തോറ്റുപോവും.
കേരളീയരുടെ മദ്യാസക്തിയെപറ്റിയും ഒരുസൂപ്പര്‍സ്റ്റാര്‍ തന്നെ മദ്യത്തിന്റെ പരസ്യത്തിലഭിനയിക്കുന്നതിനെ പറ്റിയും BBC ഈയടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. താങ്കള്‍ക്ക് ലഭിച്ച പത്മശ്രീ, ഭരത്, ഡോക്ടറേട്ട് ബഹുമതികള്‍ക്ക് മുകളിലായി Black Mark നിലനില്‍ക്കുന്നു എന്ന കാര്യം താങ്കള്‍ ഓര്‍മ്മിക്കണം. ഒരുകലാകാരന് പണസമ്പാദ്യത്തിലുപരിയായി Social Responsibility ഉണ്ടെന്നകാര്യം താങ്കള്‍ മറക്കരുത്. ‘Cola’ അംബാസഡര്‍ ആയിരുന്ന അമിതാബ് ബച്ചന്‍ പിന്നീട് അതിന്റെ ദൂഷ്യഫലങ്ങള്‍ മനസിലാക്കി പരസ്യത്തില്‍ നിന്നും പിന്മാറിയത് താങ്കളെ ഓര്‍മപെടുത്തുകയണ്. കേരളത്തിലെ പ്രമുഖ യുവജന സംഘടന ആയ DYFI താരങ്ങള്‍ സ്വര്‍ണ്ണപരസ്യത്തില്‍ അഭിനയിക്കുന്നതിനെതിരെ പ്രമേയം കൊണ്ടുവന്നതും സൂചിപ്പിക്കുന്നു.
ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് താങ്കള്‍ക്ക് ഉയരാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ആശംസിക്കുന്നു. കത്ത് ചുരുക്കുന്നു. ”വൈകീട്ട് പരിപാടിയുണ്ട്’.
എന്ന് സ്‌നേഹപൂര്‍വം
താങ്കളുടെ ആരാധകര്‍ .
Buzz this

1 comment:

Unknown said...

life is a choice ,no one is compelling you to have this and that,so please,stop blaming others.u guys may be great fans of mohanlal,at the same time you all are blaming shame on you guys..did he forced you to do anything..nothing at all right.
please try to live in the reality........u were using credit card as a thing in the letter,as u said u all are from Bangalore right ,still u donno what is credit card,actually what kind of socialist mentality u want to show through the letter...............

Post a Comment